ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി – മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉത്സവമാണ്‌ കെട്ടുകാഴ്ച്ച.ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കെട്ടുകാഴ്ച്ച UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിടുടുള്ളതാണ്.

CHETTIKULANGARA KUMBHABHARANI 2023

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച ഭീമൻ രഥങ്ങളും , പാഞ്ചാലി, ഹനുമാൻ ഇതിഹാസ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവി ജിവതതയിൽ ഘോഷയാത്രയായി എത്തി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ തെക്ക് കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു ‘കുതിര’ എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം

കുതിരയ്ക്കുണ്ടായിരിക്കും.ചെട്ടികുളങ്ങരയിൽ 13 കരകളിൽ നിന്നുമായി 6 കുതിരയും,5 തേരും,ഭീമനും ഹനുമാനുമാണ് അണിരക്കുന്നത് ഈരേഴതെക്ക്,ഈരേഴവടക്ക്,കൈത തെക്ക്, കൈതവടക്ക്,പേള,നടയ്ക്കാവ് എന്നീ ആറ് കരകളിൽനിന്ന് കുതിരയും,കണ്ണമംഗലംതെക്ക്,കണ്ണമംഗലംവടക്ക്,കടവൂർ,ആഞ്ഞിലിപ്ര,മേനാമ്പള്ളി എന്നീ അഞ്ചു കരകളിൽനിന്നും തേരുകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക് കരക്കാർ ഭീമന്റെയും, മറ്റംതെക്ക് കരക്കാർ ഹനുമാന്റെയും പാഞ്ചാലിയുടെയും രൂപങ്ങളാണ് കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

Check Also

ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവം

Oachira Irupathiyettam Onamaholsavam(Oachira Kalakettu) ഇരുപത്തെട്ടാം ഓണഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി …